പിരിയന്‍ ഗോവണിയില്‍ നിന്ന് കുമാരേട്ടന്റെ കടയിലേക്ക് (ഒരു ബ്രണ്ണന്‍ ഓര്‍മ്മ )


ഒരു മാസം
പതിനഞ്ചു രൂപ വാടക കൊടുത്ത്
ദിനേശും പ്ലയ്ന്‍ സിഗരറ്റും
ഉപ്പിലിട്ട നെല്ലിക്കയും മാത്രം വില്‍ക്കുന്ന
കുമാരേട്ടന്‍റെ കടയില്‍
പിരിയന്‍ ഗോവണിയിലെ
ചൂടുള്ള നിശ്വാസമോ
ശാന്തിവനത്തിലെ പിറുപിറക്കലോ
കടന്നു വരാറില്ല .

ലേഡീസ് റൂമില്‍ നിന്ന്‍
ഒരു കണ്ണും
അവിടേക്ക് ഒളിഞ്ഞു നോക്കാറില്ല .

ഒരു കാമുകന്‍റെയും
പ്രണയ സമ്മാനമായി
അവിടെ നിന്ന്
ഒരു നെല്ലിക്കയും
വാഴ്ത്തപ്പെട്ടില്ല.

യൂണിയന്‍ ഓഫീസില്‍ നിന്ന്
ഒരു ചെഗുവേരയെങ്കിലും
താടി  മിനുക്കാന്‍ അവിടെ എത്തണമായിരുന്നു.


യു.ജി.സി .യുടെ വന്‍ പാക്കേജുകളെക്കുറിച്ച്
അനുകൂലമോ  എതിര്‍പ്പോ
അവിടെ കേട്ടില്ല .

കുമാരേട്ടന്‍റെ  കടയിലേക്ക്
എസ് .ജോസഫിന്‍റെ കവിതയില്‍ നിന്നും
ആരൊക്കെയോ ഇറങ്ങി ഓടുന്നുണ്ട് .

ഒരു പക്ഷേ
കവിതയിലെ കഥാപാത്രങ്ങള്‍ക്കു
ആശ്രയമാണത്
ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്കും ....

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല