നിറഞ്ഞുനിന്നവള്‍

കടല്‍ക്കരയില്‍ നില്‍ക്കുന്നു
ഒറ്റയ്ക്കൊരു പെണ്‍കുട്ടി
അവളുടെ കണ്ണില്‍
കടലിന്‍റെ  ആഴം കുറിച്ചുവച്ചിരിക്കുന്നു .

അരികില്‍
ആകാശം കണ്ടു കണ്ട്
നീലിച്ചുപോയ  ഒരു കടലുണ്ട്.
ഓരോ കുതിപ്പിലും ആകാശത്തിന്‍റെ ഉയരം
അളന്നു കുറിക്കുന്ന തിരകളുണ്ട് .
മണലില്‍ വിരിച്ചിട്ട തീണ്ടാരി തുണിപോലെ
ചുവന്ന വെയിലുണ്ട് .

കടലിന്‍റെ മുനമ്പിലേക്ക്‌
 അവളെറിയുന്ന ഓരോ നോട്ടവും
ഒരു തിര
തിരികെ കൊണ്ടുവരുന്നു .
വെളിപ്പെടരുതെന്നവള്‍  കരുതിയതൊക്കെയും
കാറ്റ് തുറന്നു വെക്കുന്നു .
കടലുമാകാശവും അലിയുന്നിടത്തേക്ക്
നടന്നു മറഞ്ഞവന്‍  പറയാതെ വച്ചവ
ഉള്ളിലൊരു തിരയായിരമ്പി
അവളെ നനയ്ക്കുന്നു ...
ആകാശത്തിന്‍റെ  മനസ്സില്‍
കടലെഴുതുന്ന നിറങ്ങളെല്ലാം കണ്ട്
സ്വന്തം ആകാശങ്ങളിലേക്ക്
ഓരോ മഴയും വിരിഞ്ഞിറങ്ങുന്നതറിഞ്ഞ്
കടലിന്‍റെ  വെളി പ്പെടാത്ത മൌനത്തിലേക്ക്‌
പരിചിതമായ  നിലവിളികള്‍ വന്ന് -
വീഴുന്നതു കേട്ടു
ആള്‍ക്കൂട്ടതിനു നടുവില്‍
പെട്ടെന്നൊറ്റയായലെന്നതുപോലെ
തന്നില്‍ത്തന്നെ കവിഞ്ഞു,
കടല്‍ക്കരയില്‍ നില്‍ക്കുന്നു
ഒറ്റയ്ക്കൊരു പെണ്‍കുട്ടി.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല